മുനമ്പം വഖഫ് ഭൂമി തന്നെ; നിലപാട് ആവര്‍ത്തിച്ച് കെഎം ഷാജി; പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീർ ; പ്രതിസന്ധിയിലായി കോൺഗ്രസ്സ്

ആരും പാര്‍ട്ടി ചമയേണ്ടെന്നും മുസ്‌ലിം ലീഗിന്റെ നിലപാട് പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി

Update: 2024-12-09 16:32 GMT

മുനമ്പം വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുനമ്പം വഖഫ് ഭൂമിയാണെന്ന് കെഎം ഷാജി ആവർത്തിച്ചു. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്താണ് റോളെന്നും ഷാജി ചോദിച്ചു. കഴിഞ്ഞദിവസം ഷാജിയുടെ നിലപാടിനെതിരെ രംഗത്തെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രസ്താവന.

Full View

ഏതെങ്കിലും നാട്ടിൽ കുറേ ആളുകൾ സ്ഥലം വാങ്ങിയ രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് കരുതി അത് പരിഹരിക്കാൻ സാദിഖലി തങ്ങൾ പോകുമോ? വഖഫ് ഭൂമി ആയതുകൊണ്ടാണ് സാദിഖലി തങ്ങൾ മുനമ്പത്ത് നേതൃപരമായ ഇടപെടൽ നടത്തിയതെന്നും കാസർകോട് ചട്ടംചാലിൽ നടന്ന മുസ്ലിം ലീഗിന്‍റെ പൊതുയോഗത്തിൽ മുൻ എംഎൽഎ കൂടിയായ കെഎം ഷാജി പറഞ്ഞു.

മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‍ലിം നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. 

മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ലീഗിന്‍റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാർട്ടിയാകാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി തന്‍റെ മുൻനിലപാട് ആവർത്തിച്ചത്.

മുമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെ.എം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു

മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി കൂടി കെഎം ഷാജിയുടെ അതേ നിലപാടുമായി രംഗത്തെത്തിയതോടെ ലീഗ് മാത്രമല്ല കോണ്‍ഗ്രസും ഞെട്ടിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടി തള്ളിപ്പറഞ്ഞാണ് ഇടിയുടെ നിലപാട് വ്യക്തമാക്കല്‍. ഇതോടെ ഈ കാര്യം മുന്നണിയെ  ആകെ പ്രതിസന്ധിയിലാക്കുകയാണ്. 

തീവ്ര വര്‍ഗീയ നിലപാടുമായി മുന്നോട്ടു പോകുന്ന മുസ്‌ലിം സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നതിന് സമാനമായ പ്രതികരണമാണ് ചില ലീഗ് നേതാക്കളില്‍ നിന്നും ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. പരസ്യമായുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ലീഗ് നേതൃത്വം ഇപ്പോഴുളളത്. 

Tags:    

Similar News