ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല; ഒരു പരാതി കൂടി ലഭിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ, സർക്കാർ തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
ഉത്തരവിന്റെ പകർപ്പ് വാങ്ങാൻ രാവിലെ 11 മണിക്ക് എത്താനാണ് അപ്പീൽ നൽകിയ മാധ്യമ പ്രവർത്തകർക്ക് വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ അറിയിപ്പ് ലഭിച്ചത്. കമ്മിഷൻ ഓഫിസിലെത്തിയവരെ അകത്തേക്ക് കടത്തിവിടാൻ അധികൃതർ തയാറായില്ല. ഒടുവിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെത്തി ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. പുതിയ പരാതി നൽകിയത് ആരാണെന്ന് വെളിപ്പെടുത്താനോ, അപ്പീൽ നൽകിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കാനോ അധികൃതർ തയാറായില്ല. കമ്മിഷണറുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഉത്തരവ് പുറത്തു വരാനിരിക്കെ, പുതിയ പരാതിയുടെ പേരിൽ നടപടി തടസ്സപ്പെട്ടതോടെ അധികൃതരുടെ നീക്കങ്ങളിൽ വീണ്ടും ദുരൂഹതയേറി.
മാധ്യമപ്രവർത്തകരുടെ അപ്പീൽ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധനയ്ക്കായി വീണ്ടും ഹാജരാക്കാൻ സാംസ്കാരിക വകുപ്പിനോടു വിവരാവകാശ കമ്മിഷണർ ഒക്ടോബർ 30ലെ ഹിയറിങിൽ ആവശ്യപ്പെട്ടിരുന്നു. 97 മുതൽ 107 വരെയുള്ള ഖണ്ഡികകളും 49 മുതൽ 53 വരെയുള്ള പേജുകളും ഒഴിവാക്കിയെന്ന പ്രചാരണത്തിനിടയാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നു ഹിയറിങ്ങിൽ സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി, ജോയിന്റ് സെക്രട്ടറി ആർ.സന്തോഷ് എന്നിവർ കമ്മിഷനെ ബോധിപ്പിച്ചു. ഒഴിവാക്കുന്ന പേജുകൾ സംബന്ധിച്ച് ഉത്തരവിൽ രേഖപ്പെടുത്തിയപ്പോൾ പറ്റിയ ക്ലറിക്കൽ തെറ്റാണ് അത്തരം ആക്ഷേപത്തിനിടയാക്കിയത്. അപേക്ഷകർ ആവശ്യപ്പെടുന്ന പേജുകൾ പുറത്തു വിടാൻ സർക്കാർ താൽപര്യപ്പെടുന്നില്ല. ആ പേജുകളിലെ വിവരങ്ങൾ പലരുടെയും സ്വകാര്യതയെ ബാധിക്കും. ഉത്തരവിലെ പേജുകൾ സംബന്ധിച്ച് തെറ്റുപറ്റിയതിൽ അപേക്ഷകരോടു മാപ്പു പറയാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കമ്മിഷൻ ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ നടപടി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ട റിപ്പോർട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മിഷൻ വിമർശിച്ചു. തുടർന്നാണ് റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഒക്ടോബർ 30ന് വൈകിട്ടോടെ മുദ്രവച്ച കവറിൽ സിഡിയും പെൻഡ്രൈവുകളും അടങ്ങിയ റിപ്പോർട്ട് കമ്മിഷനിൽ ഉദ്യോഗസ്ഥർ എത്തിച്ചു.
295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകി. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ഇടയാക്കിയത്.