ബം​ഗ്ലാദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം; കവാടങ്ങൾക്ക് കേടുപാട്, നാശനഷ്ടം

Update: 2024-11-30 05:55 GMT

ധാക്ക: കലാപം അവസാനിക്കാതെ ബം​ഗ്ലാദേശ്. ചാട്ടോ​ഗ്രാമിലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ ഇസ്ലാമിക മതഭീകരർ ആക്രമിച്ചു. ഇസ്കോൺ പുരോ​ഹിതൻ ചിൻമേയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം.


തുറമുഖന​ഗരമാണ് ചാട്ടോ​ഗ്രാമിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവിടങ്ങളിലാണ് ആക്രണമുണ്ടായത്. നൂറുകണക്കിന് ആളുകൾ മുദ്രാവാക്യം വിളിച്ചെത്തി ഇഷ്ടികകൾ ക്ഷേത്രത്തിലേക്ക് എറിയുകയായിരുന്നു. ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിനെത്തിയവരാണ് ക്ഷേത്രങ്ങളിലേക്ക് ഇരച്ചെത്തിയത്. ഹിന്ദു വിരുദ്ധ, ഇസ്കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധ ജാഥ നടത്തി. ഇതിനിടയിലാണ് ഇഷ്ടിക എറിഞ്ഞത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിൻമേയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് ബം​ഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.

ഷെയ്ഖ് ഹസീനയെ നാടുകടത്തിയതിന് പിന്നാലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുകയാണ്. ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68 ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രഥാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരുന്നു.

Tags:    

Similar News