ഹരിയാനയിൽ ട്വിസ്റ്റ്; കോൺഗ്രസ് കിതയ്ക്കുന്നു, എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി

Update: 2024-10-08 04:51 GMT

വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ.

ജമ്മുകശ്മീരിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻ മുന്നേറ്റം. ഹരിയാനയിൽ 90ൽ 60 സീറ്റിലും കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപിക്ക് 19 സീറ്റിൽ മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല. 

രാവിലെ ആദ്യ ഫലങ്ങളിൽ കോൺഗ്രസിന് അനുകൂലമായ സൂചനകൾ ലഭിച്ചതോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ പടക്കം പൊട്ടിച്ചും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും വരാനിരിക്കുന്ന വിജയം ആഘോഷിക്കാനുളള ഒരുക്കങ്ങൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുടങ്ങിയിരുന്നു. പാട്ടും നൃത്തവുമൊക്കെയായി പ്രവർത്തകർ ആഘോഷം തുടങ്ങി.

എന്നാൽ 9.30 ഓടെ ട്രെൻഡ് മാറിത്തുടങ്ങി. ബിജെപിയും കോൺഗ്രസും ലീഡ് നിലയിൽ ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തുകയും ചെയ്തു. ഇതോടെ പ്രവർത്തകരും നേതാക്കളും ആഘോഷങ്ങൾ അവസാനിപ്പിച്ച് അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ശംഖ് വിളിച്ചും പെരുമ്പറ മുഴക്കിയും വലിയ ആഘോഷത്തിലായിരുന്നു പാർട്ടി ഓഫീസിന് മുൻപിൽ പ്രവർത്തകർ.

വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ കൂടുതലും ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുളള സാദ്ധ്യതയാണ് പ്രവചിച്ചിരുന്നത്. ഇതിന്റെ ബലത്തിൽ കൂടിയായിരുന്നു കോൺഗ്രസിന്റെ ആഘോഷം. എന്നാൽ രാവിലെ മുതൽ കാത്തിരിക്കൂ എന്ന തരത്തിലുളള പ്രതികരണമാണ് ബിജെപി നേതാക്കൾ നടത്തിയത്.

Tags:    

Similar News