ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും ഉള്‍പ്പെടെ പണി കിട്ടുമോ ? ; അംബാനിക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

Update: 2024-10-30 02:53 GMT

രാജ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തേക്കും കടക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ജിയോ പേയ്‌മെന്റ് സൊല്യൂഷന്‍സിനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച (ഒക്ടോബര്‍ 28) മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.നിലവില്‍ രാജ്യത്ത് ഓണ്ഡലൈന്‍ പേയ്‌മെന്റ് രംഗത്ത് മുന്‍പന്തിയിലുള്ളത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ കമ്പനികളാണ്. ഇവര്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും ജിയോ പേയ്‌മെന്റ് സൊല്യൂഷന്‍സ് (ജെഎസ്എല്‍) ഉയര്‍ത്തുകയെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ജിയോ കൂടി ഈ മേഖലയിലേക്ക് കടന്ന് വരുമ്പോള്‍ ഉപഭോക്താക്കള്‍ക്കായിരിക്കും കൂടുതല്‍ നേട്ടമുണ്ടാകുക.പുതിയ കമ്പനിയെന്ന നിലയില്‍ ആകര്‍ഷകമായ ഓഫറുകളും ക്യാഷ് ബാക്ക് പോളിസിയും ജിയോ സൊല്യൂഷ്യന്‍സ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഈ മേഖലയില്‍ മത്സരം കടക്കും. ഉപഭോക്താക്കള്‍ വിട്ടുപോകാതിരിക്കാന്‍ മുന്‍നിര കമ്പനികളും കൂടുതല്‍ ആകര്‍ഷകമായ ക്യാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി മുന്നോട്ടുവയ്ക്കും. ടെലികോം രംഗം ജിയോയിലൂടെ കൈയടക്കിയ അതേ മാതൃക ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ രംഗത്തും അംബാനി അവതരിപ്പിക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്.

Tags:    

Similar News