അഴിമതിക്കാരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങും; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല -കെ.ടി. ജലീൽ

കുറിപ്പിനൊപ്പം ഇന്നു പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പൊലീസ് സേനയെ പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.

Update: 2024-09-02 10:16 GMT

മലപ്പുറം: കെ.ടി.ജലീൽ എംഎൽഎ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിനൊപ്പം ഇന്നു പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പൊലീസ് സേനയെ പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി.ജലീൽ, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് ലീഗ് വിട്ടത്. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചതോടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി. 2011, 16, 21 തിരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽനിന്നു വിജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ജലീലിനു ബന്ധു നിയമന ആരോപണത്തെത്തുടർന്നു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.

കെ.ടി.ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ.

Tags:    

Similar News