പിപി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയില്ല; അഡ്വ. കെ രത്‌നകുമാരി കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.

Update: 2024-11-14 07:33 GMT

കണ്ണുര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല.

എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടര്‍ അരുണ്‍ കെ വിജയന്റെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് പൊലീസ് പറഞ്ഞു. എഡിഎം ജീവനൊടുക്കിയ കേസിലെ പ്രധാന സാക്ഷി കൂടിയാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍.

പിപി ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Tags:    

Similar News