കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു; സംഭവത്തിൽ റെയിൽവെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്തു

കണ്ണൂര്‍ സ്വദേശി അനിൽ കുമാറിനെതിരെയാണ് വൈകിട്ടോടെ കേസെടുത്തത്

Update: 2024-10-13 11:50 GMT

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ റെയില്‍വെ പൊലീസ് കേസെടുത്തു. റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ സ്വദേശി അനിൽ കുമാറിനെതിരെയാണ് വൈകിട്ടോടെ കേസെടുത്തത്. അതേസമയം, ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ ആണ് മരിച്ചത്. ട്രെയ്നിന്‍റെ എസി കോച്ചിൽ നിന്നും അനിൽ കുമാർ ശരവണനെ തള്ളിയിട്ടെന്ന് യാത്രക്കാരി മൊഴി നൽകിയിരുന്നു.

യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അനിൽ കുമാറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.

എസി കമ്പാർട്മെന്‍റിലെ ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്നപ്പോള്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. 

Tags:    

Similar News