കോഴിക്കോട്ടെ വ്യാപാരിയുടെ തിരോധാനക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിജിപി ഉത്തരവിട്ടു
കേസില്‍ എഡിജിപി അജിത്കുമാര്‍ ഇടപെട്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് സിബിഐയ്ക്ക് വിടണമെന്ന മലപ്പുറം എസ്പി ശശിധരന്റെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് നടപടി. കേസില്‍ എഡിജിപി അജിത്കുമാര്‍ ഇടപെട്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസ് നിര്‍ബന്ധമായും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിരുന്നു. മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍, എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പിതാവിന് എന്ത് സംഭവിച്ചെന്നും ആരാണ് അദ്ദേഹത്തെ കൊണ്ടുപോയത് എന്നും അറിയാനുള്ള അവകാശം കുടുംബത്തിനുണ്ടെന്നും സത്യാവസ്ഥ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെന്നാണ് എസ്പി അന്ന് പറഞ്ഞത്.