മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ, 1000 sqft വീടുകൾ, കരാർ ഊരാളുങ്കലിന്
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍ വരുക;
തിരുവനന്തപുരം; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍ വരിക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. വീടുവെച്ച് നല്‍കുക മാത്രമല്ല, എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപജീവനമാര്‍ഗം ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്പോര്‍ട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി. 750 കോടിയാണ് നിര്‍മാണ ചിലവ്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പുകളുടെ നിര്‍മാണച്ചുമതല. കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം.
നെടുമ്പാലയില്‍ കുന്നിന്‍ പ്രദേശത്തിന് അനുയോജ്യമായ വിധത്തിലാണ് നിര്‍മാണം നടത്തുക. കാര്‍ഷിക സ്വഭാമുള്ള മേഖല ആയതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് കൂടി ഉപകരിക്കും വിധത്തിലാണ് പത്ത് സെന്റ് സ്ഥലത്ത് ഇവിടെ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇവിടുത്തെ ഭൂപ്രകൃതി പരിഗണിച്ച് വീടുകളുടെ എണ്ണം കുറവായിരിക്കും.
കല്‍പറ്റയില്‍ അഞ്ച് സെന്റ് സ്ഥലത്താണ് കൂടുതല്‍ വീടുകള്‍ നിര്‍മിക്കുക. ദേശീയ പാതയോട് ചേര്‍ന്ന് നിടക്കുന്ന കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വാണിജ്യ ഉപയോഗങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഉണ്ടാവും. ക്ലസ്റ്റര്‍ മാതൃകയിലാണ് കല്‍പറ്റയില്‍ വീടുകള്‍ നിര്‍മിക്കുന്നത്.
വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സുസ്ഥിര നിര്‍മാണ രീതിയിലാകും ടൗണ്‍ഷിപ്പിന്റെ നിര്‍മാണം. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന സ്ഥലത്തിന് എല്ലാ തരത്തിലുള്ള ഉടമസ്ഥാവകാശമുണ്ടാവുമെങ്കിലും ഈ സ്ഥലം മറിച്ചുവില്‍ക്കുന്നത് ഉടന്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം ദുരന്തമേഖലയിലെ ഭൂമിയുടെ അവകാശം ഉടമസ്ഥര്‍ക്ക് തന്നെയായിരിക്കും.