മുയല്‍ കടിച്ചതിന് റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സയിലിരുന്ന വയോധിക മരിച്ചു
തകഴി കല്ലേപ്പുറത്ത് ശാന്തമ്മ (63) ആണ് മരിച്ചത്
ആലപ്പുഴ: വളര്‍ത്തുമുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് റാബീസ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21 നായിരുന്നു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്.
ടെസ്റ്റ് ഡോസ് എടുത്തപ്പോള്‍ അലര്‍ജി ഉണ്ടായിരുന്നു. എന്നാല്‍ മറുമരുന്ന് നല്‍കി വാക്സിന്‍ എടുക്കുകയായിരുന്നു. മൂന്ന് ഡോസ് വാക്‌സിനും എടുത്തതിന് പിന്നാലെ സാന്തമ്മ തളര്‍ന്നു വീഴുകയും ചലനശേഷിയും സംസാരശേഷിയും നഷ്ടമാകുകയും ചെയ്തിരുന്നു. 12 ദിവസത്തോളം വെന്റിലേറ്ററിലും തുടര്‍ന്ന് ഐസിയുവിലുമായിരുന്നു.
ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും, അത് ഗൗരവത്തിലെടുക്കാതെ മൂന്ന് വാക്സിനും എടുത്തെന്നായിരുന്നു ആശുപത്രി അധികൃതർക്കെതിരെ കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാന്തമ്മയുടെ ചെറുമകള്‍ അടുത്തിടെയാണ് മരിച്ചത്. മുത്തച്ഛന്‍ എലിയെ പിടിക്കാനായി വിഷം പുരട്ടി കെണി വെച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെറുമകള്‍ മരിച്ചത്. ശാന്തമ്മയെ പരിചരിക്കാനായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് കുട്ടി അബദ്ധത്തില്‍ എലിവിഷം പുരണ്ട തേങ്ങാപ്പൂള്‍ കഴിച്ചത്. ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.