ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം: കഷായത്തിൽ കലർത്തി നൽകിയത് പാരക്വിറ്റ് കളനാശിനി; വിഷത്തേക്കുറിച്ച് സെർച്ച് ചെയ്തു

022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്

Update: 2024-11-04 04:01 GMT

നെയ്യാറ്റിൻകര: ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയിൽ മൊഴി നൽകിയത്. നേരത്തേ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. 2022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‌ ഗ്രീഷ്മ ഷാരോണിന് നൽകാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി.

ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ നൽകിയിരുന്നു. ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോൾ എത്ര അളവിൽ നൽകിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ നൽകി. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാറാണ് പ്രോസിക്യൂഷനായി കോടതിയിൽ ഹാജരാകുന്നത്.

ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഗ്രീഷ്മ വെബ് സെർച്ച് ചെയ്ത തെളിവുകൾ തഹസിൽദാർ നൗഷാദിന്റെ സാന്നിധ്യത്തിലാണ് ഫോണിൽനിന്നു കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.

പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്.

ഷാരോണിനെ താലികെട്ടിയശേഷം ഇവർ ഒരുമിച്ച് തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഹോട്ടൽ മാനേജർ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിഞ്ഞു. മെഡിക്കൽ സംഘത്തിൽ ഡോക്ടർമാരായ അരുണ, ഹേമന്ദ്, ശാലിനി, റീനചന്ദ്രൻ, ഷെറിൻഷാ, അനിൽ, സത്യദാസ്, അരവിന്ദ്, അനു ബാലകൃഷ്ണൻ എന്നിവരുണ്ടായിരുന്നു. തിങ്കളാഴ്ചയും ജഡ്ജി എ.എം.ബഷീറിന് മുന്നിൽ തെളിവ് വിചാരണ നടക്കും. ടോക്‌സിക്കോളജിസ്റ്റിനെയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും.

Tags:    

Similar News