തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി
തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിൽ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്.
നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു.
കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ വർഷം ജൂണിൽ ഹനുമാൻ കുരങ്ങ് മൃഗശാല കോംപൗണ്ട് വിട്ട് പുറത്തുപോയിരുന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഏറെ പണിപ്പെട്ട് ഹനുമാന്‍ കുരങ്ങിനെ പിടികൂടിയത്.ചെവികൾക്കും മുഖത്തിനും കറുപ്പുനിറവും നീളത്തിലുള്ള താടിയും മുടിയും,ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും. ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിവയാണ്.