തിരുവമ്പാടിക്കെതിരെ കൊച്ചി ദേവസ്വം; ബിജെപിയുമായി ഒത്തുകളിച്ച് പൂരം അലങ്കോലമാക്കി എന്ന് ഗുരുതര ആരോപണം; പോലീസിന്റെ ഭാഗത്തും വീഴ്ച
സിപിഎം പ്രതിനിധിയായ കെപി സുധീര്‍ പ്രസിഡന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമായതില്‍ തിരുവമ്പാടിയേയും പോലീസിനേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായതില്‍ പലതലത്തിലുള്ള അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്താത്ത വിവിരങ്ങളാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. സിപിഎം പ്രതിനിധിയായ കെപി സുധീര്‍ പ്രസിഡന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമായതില്‍ തിരുവമ്പാടിയേയും പോലീസിനേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വടക്കുന്നാഥ ക്ഷേത്രത്തിലും ബ്രഹ്‌മസ്വം മഠത്തിലുമായിട്ടാണ് പൂരം നടക്കുന്നത്. പങ്കെടുക്കുന്ന 6 ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ കീഴിലുളളതും, തിരുവമ്പാടി, പാറമേക്കാവ് ഉള്‍പ്പെടെ 4 ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ കണ്‍ട്രോള്‍ ക്ഷേത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് പറയുന്ന പരാമര്‍ശം ഉള്ള സാഹചര്യത്തില്‍.
കൃത്യമായ കൂടിയാലോചനകള്‍ പൂരം നടത്തിപ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങ് ഭംഗിയായി നടന്നു. എന്നാല്‍ പൂര ദിവസം പോലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ തുടക്കം മുതല്‍ തന്നെ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് വിമര്‍ശനം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിനെ വരെ ഇത് ബാധിച്ചു. പിന്നീട് പോലീസും പൂരം നടത്തിപ്പുകാരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായി. ഇതില്‍ പോലീസിന്റെ ഭാഗത്താണ് വീഴ്ച കൂടുതലും. ആനകളെ പുറത്തേക്ക് ഇറക്കുന്നതിലും ആനക്ക് പട്ട കൊണ്ടു പോകുന്നതിലും തുടങ്ങി കുടമാറ്റത്തിനുള്ള കുട കൊണ്ടുപോകുമ്പോള്‍ വരെ പോലീസ് അനാവശ്യമായി ഇടപെട്ടു. ഇതോടെ കമ്മറ്റിക്കാരും പോലീസും തമ്മില്‍ പലവട്ടം തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാത്രി ചെറുപൂരങ്ങളുടെ സമയത്താണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ഭാരവാഹികളേയും പൂരം കാണാനെത്തിയവരേയും പോലീസ് അനാവശ്യമായി വടം കെട്ടിതടഞ്ഞു. ഇത് പൂരം നടത്തിപ്പിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. തിരുവമ്പാടിയുടെ മഠത്തില്‍വരവിലെ അമിതമായ നിയന്ത്രണങ്ങളോടെ എല്ലാം കൈവിട്ടു പോയി. ഇതോടെ തിരുവമ്പാടി അലങ്കാര പന്തലുകളിലെ ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തു. ഇതിനെല്ലാം കാരണം പോലീസ് എന്നാണ് കൊച്ചിന്‍ ദേവ്സം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറരുത് എന്ന് ഹൈക്കോടതി ഉത്തരവ് പോലും പോലീസ് പാലിച്ചില്ല. വടക്കുനാഥ ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചെരുപ്പ് ധരിച്ച് കയറി എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.