കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് താഴെ വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്

നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.;

Update: 2024-12-29 13:56 GMT

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്കു പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു.

ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധിക‍ൃതർ പറ‍ഞ്ഞു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.

5 അടി ഉയരത്തിൽനിന്നാണ് എംഎൽഎ വീണത്. വിഐപി ഗാലറിയിൽനിന്നു വീണ എംഎൽഎയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കു നടന്നു വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്.

കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോൾ എംഎൽഎയ്ക്കു ബോധമുണ്ടായിരുന്നു. 200 മീറ്റർ അകലെയുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എംഎൽഎയെ സ്കാനിങിന് വിധേയയാക്കി. കോൺഗ്രസ് നേതാക്കളും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലുണ്ട്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം.

‘‘ബിപി സാധാരണ നിലയിലായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഓക്സിജൻ നൽകി. പൾസ് സാധാരണ നിലയിലായിരുന്നു. നല്ല രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സിടി സ്കാനിങ് എടുക്കുന്നു. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലൻസിലേക്ക് വിളിപ്പിച്ചത്. അപ്പോഴാണ് എംഎൽഎയെ കണ്ടത്. പരുക്കു ഗുരുതരമാണോ എന്ന് സിടി സ്കാൻ എടുത്താലേ അറിയാൻ കഴിയൂ’’–സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News