അടിയന്തര ധനസഹായം ലഭിച്ചില്ല, കൂടുതൽ പേർ പരാതിയുമായി രംഗത്ത്

തകർന്ന കടകള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല

Update: 2024-08-30 06:59 GMT

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർക്കാർ സഹായം ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതിരുന്ന ദുരിതബാധിതർക്ക് സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.

തകർന്ന കടകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് മൂലം കടയുടമകളും പ്രതിസന്ധിയിലാണ്. ഉരുൾ പൊട്ടൽ മൂലം സർവവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10000രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നൽകുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ്‌ രൂപ വീതവും നൽകുന്നുണ്ട്.

എന്നാൽ, വീട്ടിൽ രോഗികളും പ്രായമായവരും ഉള്ളതിനാൽ ക്യാമ്പിൽ പോകാതെ ബന്ധു വീടുകളിലേക്ക് മാറിയവർക്ക് ഇപ്പോൾ സർക്കാരിൽ നിന്നും സഹായമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അതുപോലെ ഉരുൾപൊട്ടലിൽ തകർന്ന കടമുറികൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഉപജീവന മാർഗം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നീലിക്കാപ്പ് മേഖലയിൽ ഉൾപ്പെടെ ഉണ്ടെങ്കിലും ഇവർക്കും സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി.

Tags:    

Similar News