ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഇന്ന്; ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഇന്ന് രാവിലെ 9 മണിക്ക് സെൻ്റ് മേരീസ് മെത്രാപോലീത്തൻ പള്ളിയിൽ നടക്കും.
അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായി നിയമിതനാകുന്ന മാർ തോമസ് തറയിൽ ചുമതല ഏൽക്കുന്നതോടൊപ്പം തന്നെ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനവും നടക്കും.
പ്രായത്തിൽ താരതമ്യേന ചെറുപ്പക്കാരനായ മാർ തോമസ് തറയിൽ (52) 2017ൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി നിയമിക്കപ്പെട്ടു. ഏഴ് വർഷം പൂർത്തിയായപ്പോൾ അതിരൂപത മെത്രാപ്പോലീത്തയായും നിയമനം ലഭിച്ചത് അപൂർവ സംഭവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയാണിത്. സീറോ മലബാർ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നാണ് ചങ്ങനാശ്ശേരി അതിരൂപത. സ്ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം ചങ്ങനാശേരിയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.
ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 2000ല്‍ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.