കേരളത്തില്‍ ഏറെ ആരാധകരുളള കൊമ്പന്‍ തെച്ചിക്കോട് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കം; ചാലിശ്ശേരിയില്‍ തിടമ്പേറ്റാന്‍ 13 ലക്ഷം
കേരളത്തില്‍ ഏറെ ആരാധകരുളള കൊമ്പനായ തെച്ചിക്കോട് രാമചന്ദ്രന് പുതിയ റെക്കോര്‍ഡ്. കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ പ്രതിഫലമാണ് തിടമ്പേറ്റുന്നതിന് തെച്ചിക്കോട് രാമചന്ദ്രന് ലഭിച്ചിരിക്കുന്നത്. 13 ലക്ഷം രൂപയാണ് ആനക്ക് തിടമ്പേറ്റുന്നതിന് പ്രതിഫലമായി ലഭിക്കുക.
പാലക്കാട് ചാലിശ്ശേരി ശ്രീ മൂലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരവുമായി ബന്ധപ്പെട്ട് പടിഞ്ഞാറെമുക്ക് പൂരാഘോഷകമ്മറ്റിയാണ് തെച്ചിക്കോട് രാമചന്ദ്രനെ തിടമ്പേറ്റാന്‍ സ്വന്തമാക്കിയത്. അടുത്ത വര്‍ഷത്തേക്കാണ് ഇപ്പോഴെ ആനയെ ബുക്ക് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി 28നാണ് ഇവിടെ പൂരം നടക്കുന്നത്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് രാമചന്ദ്രന്‍, ഉയരത്തില്‍ ഏഷ്യയില്‍ രണ്ടാമനാണ്. ആന പ്രേമികള്‍ക്കിടയില്‍ ഏറ്റവും അധികം ആരാധകരുള്ള ആനയുമാണ്. 2011 മുതല്‍ തൃശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിച്ചിരുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ഇപ്പോള്‍ രാമചന്ദ്രനെ ഈ ചടങ്ങിന് നിയോഗിക്കാറില്ല.