സന്ദീപ് വാരിയരെ എന്തിന് മഹത്വവൽക്കരിക്കുന്നു? പാണക്കാട്ട് പോയത് വെപ്രാളം കൊണ്ട്: മുഖ്യമന്ത്രി

Update: 2024-11-17 11:19 GMT

സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശത്തെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി.ജയരാജൻ വിശദീകരിച്ചതോടെ ആത്മകഥാ വിവാദം പാർട്ടി തള്ളിക്കളഞ്ഞതായും പാലക്കാട്ടെ തിര‍ഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സന്ദീപ് വാരിയരെ എന്തു കൊണ്ടാണ് വലിയ രീതിയിൽ മഹത്വവൽക്കരിക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.


Full View


സന്ദീപ് ഇന്നലെ വരെ എന്തു നിലപാട് സ്വീകരിച്ചുവെന്ന് ജനത്തിനറിയാം. നാടിനെ മറ്റൊരു വഴിക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തിയ, ആകാവുന്നതെല്ലാം ചെയ്ത ഒരാളെ പ്രത്യേക ദിവസം മഹാത്മാവായി ചിത്രീകരിക്കാൻ വലതു ക്യാംപ് ഒരുമ്പെടുന്നത് പറ്റിയ ജാള്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും ഇതിന്റെ ഭാഗമായി. സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് നാട്ടിൽ എന്ത് പ്രതികരണം ഉണ്ടാക്കുമെന്ന് സംഭവിച്ചു കഴിഞ്ഞാണ് കോൺഗ്രസ് മനസ്സിലാക്കിയതെന്നും അതിന്റെ വെപ്രാളത്തിലാണ് പാണക്കാട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ മാധ്യമങ്ങൾ കള്ളം പറഞ്ഞു. പുസ്തകത്തിൽ എൽഡിഎഫ് സ്ഥാനാർഥി സരിനെ ജയരാജൻ തള്ളിപ്പറഞ്ഞു എന്നായിരുന്നു വാർത്ത. പുസ്തകം എഴുതുമ്പോൾ സരിൻ എവിടെയെന്ന് വ്യക്തത വന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തലേന്നല്ല എഴുതി കൊടുക്കുന്നത്. ജയരാജൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞു.

ജയരാജൻ പാർട്ടിയോട് കാര്യങ്ങൾ വിശദീകരിച്ചു. അതോടെ വിവാദം പാർട്ടി പൂർണമായി തള്ളി. ബിജെപി സർക്കാർ കേരളത്തോട് വിവേചനപരമായ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തെ പ്രത്യേക കണ്ണോടെ കാണുന്നു. കേരളം തകരണമെന്ന മനോഭാവത്തോടെ ദ്രോഹിക്കുന്നു. വലിയ രീതിയിൽ ഉപദ്രവം വരുത്തിവയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News