ഊർജ മേഖലയിലെ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ; നാലു കരാറുകളിൽ ഒപ്പിട്ടു

Update: 2024-09-10 01:04 GMT

ഊർജ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും നാലു കരാറുകൾ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സഹകരണത്തിന് ധാരണയായത്.


ദീർഘകാലം ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യാൻ അബൂദബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക്) ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐ.ഒ.സി) തമ്മിലും അഡ്നോകും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ഐ.എസ്.പി.ആർ.എൽ) തമ്മിലും കരാറുകളിൽ ഒപ്പിട്ടു.

ബറക ആണവോർജ നിലയത്തിന്റെ നടത്തിപ്പും മേൽനോട്ടവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനിയും (ഇ.എൻ.ഇ.സി) ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻ.പി.സി.ഐ.എൽ) ധാരണപത്രത്തിൽ ഒപ്പിട്ടു. ഊർജ ഭാരതും അഡ്നോകും തമ്മിലാണ് മറ്റൊരു കരാർ. ഇന്ത്യയിൽ ഭക്ഷ്യ പാർക്ക് സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാറും അബൂദബി ഡെവലപ്മെന്റൽ ഹോൾഡിങ് കമ്പനിയും കരാറായി.

ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര തന്ത്രപരമായ പങ്കാളിത്തം വ്യാപിപ്പിക്കാൻ ഇരുനേതാക്കളും ചർച്ച നടത്തിയതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അബൂദബി കിരീടാവകാശി മഹാത്മാ ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ചു. ഞായറാഴ്ചയാണ് അബൂദബി കിരീടാവകാശി ഇന്ത്യയിലെത്തിയത്.

Tags:    

Similar News