‘ആക്രമിക്കാൻ ഇസ്രയേൽ വ്യോമസേനക്ക് വഴിയൊരുക്കി’, ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് അമേരിക്കക്ക് ഒഴിയാനാകില്ലെന്ന് ഇറാൻ

Update: 2024-10-28 04:19 GMT

ഇറാനെതിരെ ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്ത്.


ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്കയും പൂർണ പങ്കാളികളായിരുന്നുവെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്‌രാചി അഭിപ്രായപ്പെട്ടത്. ആക്രമണം നടത്താൻ ഇസ്രയേൽ എയർ ഫോഴ്‌സിന് വഴിയൊരുക്കികൊടുത്തത് യു എസ് ആണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനിടെ ഇസ്രായേലുപയോ​ഗിച്ച പ്രതിരോധ സംവിധാനങ്ങളിൽ യുഎസിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി വിവരിച്ചു. ഇറാൻ ആക്രമണത്തിലെ യു എസിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ഏതെങ്കിലും തരത്തിൽ പാളിപോയിരുന്നുവെങ്കിൽ ഇസ്രായേൽ പൈലറ്റുമാരെ സഹായിക്കാനായി യു എസ് യുദ്ധ വിമാനങ്ങൾ തയ്യാറാക്കിയിരുന്നതാണ് വിവരമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വിവരിച്ചു. ഇക്കാര്യം ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെക്കുള്ള വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന്‍റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് പ്രതികരിച്ച് യുഎ സ് ഇസ്രായേലിനെ പിന്തുണക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ആക്രമണത്തെകുറിച്ച് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് അറിയാമായിരുന്നുവെന്നും കൃത്യംനടക്കുന്ന സമയത്ത് തന്നെ പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടുകളുണ്ടെന്നും ഇറാൻ ചൂണ്ടികാട്ടി.

Tags:    

Similar News