തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി'; ഇസ്ലാമിക് ജിഹാദ് കമാൻഡറെ വധിച്ചതായി ഇസ്രയേല്‍

Update: 2024-12-31 13:00 GMT

പലസ്തീൻ സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിന്റെ കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം. വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദ് മിസൈൽ യൂണിറ്റിൻ്റെ കമാൻഡറായ അനസ് മുഹമ്മദ് സാദി മസ്‌രിയാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് ജിഹാദിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഡ്രോണാക്രമണത്തിലൂടെ വധിച്ചതായി ഈ മാസം ആദ്യം ഇസ്രയേൽ സൈന്യം പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇത് ആരാണ് എന്ന വിവരം പുറത്തുവിട്ടിരുന്നില്ല.

ഇസ്രയേലിനും ഐഡിഎഫ് സൈനികർക്കും എതിരായ നിരവധി ആക്രമണങ്ങൾക്ക് ഉത്തരവാദിയാണ് അനസ് മുഹമ്മദ് സാദി മസ്‌രിയെന്നാണ് സൈന്യം കണക്കാക്കുന്നത്. 'ഇസ്രയേൽ പൗരന്മാരെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു' എന്നതാണ് അനസ് മുഹമ്മദിനെതിരെയുള്ള കുറ്റമായി ഇസ്രയേൽ പ്രസ്താവനയിൽ പറയുന്നത്. 2023 ഒക്ടോബർ 7നും അതിനുശേഷവും വടക്കൻ ​ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് അനസ് മുഹമ്മദ് ആണെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ.

2023 ഒക്ടോബർ 7ന് ആരംഭിച്ച ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ കുറഞ്ഞത് 45,541 പലസ്തീനികൾ കൊല്ലപ്പെടുകയും 108,338 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, ഭക്ഷ്യ വിതരണത്തിൽ ഇസ്രയേലിൻ്റെ സമ്പൂർണ ഉപരോധമുള്ളതിനാല്‍ വടക്കൻ ഗാസ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിരീക്ഷകരായ FEWS NET അറിയിച്ചു. അടുത്ത മാസത്തോടെ പട്ടിണി മരണങ്ങൾ വർധിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Tags:    

Similar News