റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കി തയാറാണെന്ന് ട്രംപ്, യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സെലൻസ്കി
പാരിസ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കരാറുണ്ടാക്കാൻ യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി തയാറാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചചെയ്യാൻ പാരീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം സാമൂഹിക മാധ്യമം വഴി അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് കൂടിക്കാഴ്ചനടന്നത്. “ഒട്ടേറെ ജീവൻ നഷ്ടപ്പെടുകയും കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുന്ന യുദ്ധം എത്രയുംവേഗം നിർത്തണം. ഉടൻ വെടിനിർത്തലുണ്ടാകുകയും ചർച്ചകൾ ആരംഭിക്കുകയും വേണം -ട്രംപ് പറഞ്ഞു.അധികാരത്തിലേറി 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
അതേസമയം, യുക്രൈനിന് സുരക്ഷയും സമാധാനവും ഉറപ്പുനൽകാത്ത ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. നോത്രദാം പള്ളി തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ട്രപും സെലൻസ്കിയും പാരീസിലെത്തിയത്. വരാനിരിക്കുന്ന യു.എസ്. ഭരണകൂടത്തെപ്പറ്റിയുള്ള ഭയം യുക്രൈനിൽ വളരുന്നതിനിടെയാണ് കൂടിക്കാഴ്ച. യുക്രൈനിലേക്ക് കോടിക്കണക്കിനുരൂപ സൈനികസഹായമയക്കുന്ന ബൈഡൻ സർക്കാരിനെ ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു.