കേരള പുനനിര്‍മ്മാണം ; ജോയ് ആലുക്കാസ് ഗ്രൂപ് കൈകോര്‍ക്കുന്നു

കേരള പുനനിര്‍മ്മാണം ; ജോയ് ആലുക്കാസ് ഗ്രൂപ് കൈകോര്‍ക്കുന്നു

September 15, 2018 0 By Editor

തൃശൂര്‍: കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയില്‍ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ് . 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ആറുലക്ഷം രൂപ വീതം ചെലവിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയെന്ന്‌ ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും അറിയിച്ചു.

സന്തോഷം നിറയുന്ന വീടുകള്‍, അതാണ് ഞങ്ങളുടെ ലക്ഷ്യം. 600 ചതുരശ്ര അടി വലുപ്പത്തില്‍ രണ്ടു കിടപ്പുമുറികളും ഡൈനിങ്,ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മിക്കുക. കേരളത്തിലെ ഏറ്റവും പ്രളയബാധിതമായ സ്ഥലങ്ങളില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും സ്ഥലത്തിന് അനുയോജ്യവുമായ വീടുകളാണ് വിദഗ്ധ ആര്‍ക്കിടെക്ടുകളെക്കൊണ്ട് രൂപകല്‍പന ചെയ്യിച്ച് നിര്‍മിച്ചുനല്‍കുക. പദ്ധതിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോയ് ആലുക്കാസ് ഗ്രൂപ് ഷോറൂമുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് നല്‍കാം. ഈ അപേക്ഷകളില്‍നിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അര്‍ഹരെ കണ്ടെത്തുക.വിശദ വിവരങ്ങള്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷെന്റ തൃശൂര്‍ ഓഫിസുമായി ബന്ധപ്പെടുക: 0487 2329222