കംമ്പാര്‍ട്ട്‌മെന്റ് തെറ്റി കയറണ്ട! ട്രെയിനില്‍ ലേഡീസ് കോച്ചുകള്‍ക്ക് ഇനി പ്രത്യേക നിറവും സ്ഥാനവും
ന്യൂഡല്‍ഹി: ട്രെയിനില്‍ സ്ത്രീകള്‍ക്കായുള്ള കോച്ചുകള്‍ മധ്യത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. വേഗത്തില്‍ തിരിച്ചറിയുന്നതിനായി പ്രത്യേക നിറവും നല്‍കിയാണ് ഈ കോച്ച് ഉണ്ടാകുക. 2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2018ല്‍ തന്നെ സബര്‍ബന്‍ ട്രെയിനിലും മറ്റ് ദീര്‍ഘദൂര ട്രെയിനിലും ഈ സംവിധാനം വരും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ കോച്ചുകളില്‍ സിസി ക്യാമറകളുടെ നിരീക്ഷണവും ഉണ്ടായിരിക്കും. ഇതിന് പുറമെ ജനലുകള്‍ക്ക് ശക്തമായ ഇരുമ്പ് വല സ്ഥാപിക്കുന്നതിനും റെയില്‍വെ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
സ്ത്രീകളുടെ ട്രെയിന്‍ യാത്രക്കിടയിലെ സുരക്ഷയെപറ്റി പഠിക്കുവാന്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റിയുടേതാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍. ഈ സമിതിയില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്.
ടിക്കറ്റ് പരിശോധകരിലും ആര്‍.പി.എഫ് അംഗങ്ങളിലും വനിതകളെ ഉള്‍പ്പെടുത്തല്‍, സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം നൂറായി ഉയര്‍ത്താനും സൗകര്യപ്രദമായ ശുചിമുറികളും സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേക ഇടങ്ങളും പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍.