വാഹന പരിശോധനയ്ക്കിടെ വയോധികനെ നടുറോഡില്‍ മര്‍ദിച്ച എസ്‌ഐയ്ക്കെതിരെ നടപടി
കൊല്ലം : നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്‌ഐയ്ക്കെതിരെ നടപടി. ചടയമംഗലത്ത് നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്‌ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെ.എ.പി. ബറ്റാലിയനില്‍ കഠിനപരിശീലനത്തിനാണ് സ്ഥലംമാറ്റം. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ്‌ഐ ക്രൂരമായി മര്‍ദിച്ചിരുന്നു. പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച രാമാനുജന്‍ നായരെ നടുറോഡില്‍ വെച്ച് എസ് ഐ കരണത്തടിച്ചു. മര്‍ദനത്തിന്റെ ദ്യശ്യങ്ങള്‍ പ്രചരിച്ചതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സ്‌കൂട്ടറില്‍ വരികയായിരുന്ന അജി മോനെയും രാമാനുജന്‍ നായരെയും വാഹനപരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ഷജീമും സംഘവും കൈകാണിച്ചു നിര്‍ത്തി. ഹെല്‍മറ്റില്ലാത്തതിനാല്‍ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടു. കൈവശം പണം ഇല്ലെന്നും പിഴ കോടതിയില്‍ അടയ്ക്കാമെന്നും ഇരുവരും അറിയിച്ചു. എന്നാല്‍ ഇത് അനുവദിക്കാതെ എസ് ഐ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയുമായിരുന്നു.ഹെല്‍മറ്റില്ലാത യാത്ര ചെയ്തതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.