എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും രണ്ടാഴ്‌ച്ച റിമാന്‍ഡില്‍

എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും രണ്ടാഴ്‌ച്ച റിമാന്‍ഡില്‍

March 2, 2021 0 By Editor

കോഴിക്കോട്; ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവർ റിമാൻഡിൽ. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ജാമ്യം റദ്ദായതിനെ തുടർന്ന് കോടതിയിൽ എത്തിയപ്പോഴാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലായിരുന്നു കോടതി നടപടി .

 പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തോളം പ്രതികള്‍ ആണ് കേസിലുള്ളത്. ഐപിസി 143, 147, 452, 332, 353, 427, 149 എന്നിവയും പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 3 മാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് മൂഹമ്മദ് റിയാസ്. പക്ഷെ ഒരൊറ്റത്തവണ മാത്രമാണ് കേസിന്റെ വിചാരണക്കായ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിയാസ് ഹാജരായത്.

കോഴിക്കോട് ബാങ്ക് റോഡിലുളേള എറോത്ത് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടത്തി. എയര്‍ ലൈന്‍ സര്‍വീസുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. നടക്കാവ് പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിന് ഉള്ളിലേക്ക് തള്ളിക്കയറി. പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റിക്കൊണ്ട് തെക്ക്ഭാഗത്തെ വാതില്‍ വഴിയായിരുന്നു തള്ളിക്കയറ്റം. ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ട് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഗ്ലാസ് വാതിലും, ജനാലകളും, കമ്ബ്യൂട്ടറുകളും, ടെലിഫോണും, ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പിങ് മെഷീനും തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു.