പൊന്നാനിയിലെ പ്രതിഷേധം രൂക്ഷം; സി.പി.എം ലോക്കല്‍ കമ്മിറ്റികളില്‍ കൂട്ട രാജി ” പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദീഖ്

പൊന്നാനിയിലെ പ്രതിഷേധം രൂക്ഷം; സി.പി.എം ലോക്കല്‍ കമ്മിറ്റികളില്‍ കൂട്ട രാജി ” പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദീഖ്

March 9, 2021 0 By Editor

മലപ്പുറം: പൊന്നാനിയിലെ സ്ഥനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ പ്രതിഷേധം ശക്തമാകുന്നു. പി. നന്ദകുമാറിനു പകരം ടി.എം സിദ്ദിഖിനെ സ്ഥനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഇന്ന് രാജി അടക്കമുള്ള പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. എരമംഗലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നാല് അംഗങ്ങള്‍ രാജിവച്ചു. കൂടുതല്‍ ലോക്കല്‍ കമ്മിറ്റികളും രാജി ഭീഷണി മുഴക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന മുന്നറിയിപ്പ്. രാജി ഭീഷണിയുമായി ബ്രാഞ്ച് സെക്രട്ടറിമാരും രംഗത്തെത്തിയിട്ടുണ്ട്. ആറ് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിക്കത്ത് നല്‍കി. വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളും രാജിവച്ചു. പ്രതിഷേധങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുക്കുന്നില്ലെന്ന് കണ്ടതോടെയാണ് രാജിയിലേക്ക് കടന്നത്.

പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണന് ഒരിക്കല്‍ കൂടി സീറ്റ് നല്‍കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന പൊതുമാനദണ്ഡം പരിഗണിച്ച്‌ സീറ്റ് നല്‍കിയിരുന്നില്ല. പകരം പി. നന്ദകുമാറിനെ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ നിരത്തിലിങ്ങിയിരുന്നു.

പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദീഖ്

പൊന്നാനിയില്‍ തന്റെ പേരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധം നടത്തുന്നവരെ തള്ളി മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എ.സിദ്ദീഖ്. തന്റെ പേരും,ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കപ്പുറം തനിക്കൊന്നുമില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ സിദ്ദീഖ് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ ടി.എം.സിദ്ദീഖ് ഫെയ്‌സ്ബുക്കിലൂടെ തള്ളി പറഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധം തെരുവിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്.