ശബരിമലയിലെ യുവതി പ്രവേശനം ശരിയായ നിലപാടെന്ന് യെച്ചൂരി; യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും ? യെച്ചൂരിയുടെ പ്രതികരണം സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുമ്പോൾ

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ അടവുനയം പയറ്റുകയാണ്. അതിന്റെ ഭാഗമാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുതലക്കണ്ണീര്‍.കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്നാണ് യെച്ചൂരി പറയുന്നത്.ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറയുന്നു. ഇതിലൂടെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്.വിശ്വാസികളെ വീണ്ടും വഞ്ചിക്കാന്‍ കളമൊരുക്കുകയാണ് സിപിഎം നേതാക്കള്‍. വിശ്വാസികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതിരുന്നതും സിപിഎമ്മിന്റെ ഇതേ നിലപാടിനെ തുടര്‍ന്നാണ്.സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കള്‍ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സിപിഎമ്മാണ്.സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്.ആപല്‍ക്കരമായ നിപാടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്.സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. യുഡിഎഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ആചാരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും.ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് കെ.സുരേന്ദ്രൻ

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ശരിയാണെന്ന സീതാറാം യെച്ചൂരിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സുരേന്ദ്രൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനും സിപിഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചു. ശബരിമലയിൽ നിലപാട് മാറ്റം ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ഇതോടെ സിപിഎമ്മിന്റെ തനിനിറം പുറത്തായി. യെച്ചൂരിയുടെ പ്രസ്താവന കടകംപള്ളിക്കും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *