
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാക്കിന് സമീപമിട്ടു തീപടർത്തി, പാളത്തിൽ കല്ലും മരത്തടിയും വെച്ചു; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി
April 18, 2025കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കോട്ടിക്കുളം തൃക്കണ്ണാടിൽ റെയിൽവെട്രാക്കിൽ കല്ലും മരക്കഷണങ്ങളുംവെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി. പത്തനംതിട്ട ഏലന്തൂർ സ്വദേശി ജോജി തോമസാണ് (30) ഇന്നലെ ബേക്കൽ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ 1.40- 1.50നും ഇടയിലാണ് ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് കടന്നുപോകുമ്പോൾ റെയിൽവേ ട്രാക്കിൽ കല്ലുകളും മരത്തടികളും കണ്ടത്. കളനാട് തുരങ്കത്തിലൂടെ രാത്രി ചൂട്ട് കത്തിച്ചുവന്ന പ്രതി, ചൂട്ട് ട്രാക്കിന് സമീപം ഇടുകയും ഇവിടെ പുല്ലിന് തീപിടിക്കുകയും ചെയ്തിരുന്നു. ഈഭാഗത്തും പാളത്തിൽ മരത്തടി വെച്ചു.
മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പാളത്തിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് മരക്കഷണങ്ങൾക്കും കല്ലുകൾക്കും മുകളിൽ കൂടി കടന്നുപോയെങ്കിലും അപകടമില്ലാതെ രക്ഷപ്പെട്ടു. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ എൻ. രഞ്ജിത് കുമാർ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിൽ ബേക്കലിനടുത്ത കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിൻ പോകുന്നതിനിടെ കല്ലുകൾ വെച്ച കേസിലും മറ്റൊരു പത്തനംതിട്ട സ്വദേശി അറസ്റ്റിലായിരുന്നു. പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യു (21)വാണ് പിടിയിലായത്. നവംബർ 18ന് രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്‌സ്‌പ്രസ് കടന്ന് പോകുന്നതിന് മുമ്പ് ഇയാളും സുഹൃത്തും പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത്. എന്നാൽ, അപകടമൊന്നും സംഭവിച്ചില്ല. ട്രെയിൻ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചെ ആണ് പ്രതി പിടിയിലായത്. ജോലി അന്വേഷിച്ചാണ് അഖില്‍ ജോണ്‍ മാത്യു കാസര്‍കോട് എത്തിയതത്രെ. ചോദ്യം ചെയ്യലിൽ കൗതുകത്തിനാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കാസർകോട് മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലുവെക്കുന്നതും വർധിച്ചുവരുന്നതിനാൽ മേഖലയിൽ റെയിൽവെ പൊലീസും ആർ.പി.എഫും പരിശോധന കർശനമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം തീവണ്ടിക്ക് നേരെ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കണ്ണൂർ യെശ്വന്ത്പൂർ എക്സ്പ്രസിനു നേരെയാണ് ഉപ്പളയിൽ കല്ലേറുണ്ടായത്. വടകര സ്വദേശനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുകയാണ്.