കോഴിക്കോട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപാരം നടത്തി തുണിക്കടകൾ: കേസെടുത്ത് പോലീസ്

കോഴിക്കോട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപാരം നടത്തി തുണിക്കടകൾ: കേസെടുത്ത് പോലീസ്

May 12, 2021 0 By Editor

കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപാരം നടത്തി തുണിക്കടകൾ. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിംഗ് എന്ന് പേരുള്ള തുണിക്കടയിൽ പോലീസ് പരിശോധന നടത്തുമ്പോൾ ഒട്ടേറെപേർ കടയിൽ ഉണ്ടായിരുന്നു. സ്ഥാപനത്തിലെ പത്തോളം ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട ജീവനക്കാർ വസ്ത്രം വാങ്ങാനെത്തിയവരെ ഒരു മുറിയിലാക്കി അടയ്ക്കുകയായിരുന്നു. എന്നാലിവരെ പോലീസ് കണ്ടെത്തി. 32,000 രൂപയാണ് പിഴയായി ചുമത്തിയത്. ഈ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും പഞ്ചായത്ത് അധികൃതർക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

സമാനമായ രീതിയിൽ നാദാപുരത്ത് ഈറ എന്ന തുണിക്കടയും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തി. മുൻഭാഗത്തെ ഷട്ടറുകൾ താഴ്ത്തി പിൻവാതിലിലൂടെയാണ് കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകിയിരുന്നത്. ഈ കടയിൽ എത്തിയവർക്കെതിരെയും കടയ്‌ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം കോഴിക്കോട് ഇന്നലെ മാത്രം നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 831 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ലോക്ഡൗൺ ലംഘിച്ച് വ്യാപാരം നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.