പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വാസിയുടെ വാഹനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ പോലിസ് കേസെടുത്തു

പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വാസിയുടെ വാഹനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ പോലിസ് കേസെടുത്തു

May 19, 2021 0 By Editor

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വാസിയുടെ വാഹനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ തിരൂരങ്ങാടി പോലിസ് കേസെടുത്തു. ചെമ്മാട് കരിപറമ്ബ് സ്വദേശിയായ 16 കാരന്റെ മാതാവിനെതിരെയാണ് കേസ് എടുത്തത്.

തിരൂരങ്ങാടി എസ് ഐ പി.എം.രതീഷിന്റെ നേതൃത്വത്തില്‍ ചെമ്മാട് -പരപ്പനങ്ങാടി റോഡില്‍ തൃക്കുളം ക്ഷേത്രത്തിനു സമീപം വൈകിട്ട് അഞ്ചരയോടെ പോലിസ് സംഘം വാഹനപരിശോധന നടത്തി കൊണ്ടിരിക്കുമ്ബോഴാണ് അതിവേഗതയില്‍ വന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്തത് സംബന്ധിച്ചു അന്വേഷിച്ചപ്പോഴാണ് 16 വയസുള്ള കുട്ടിയാണെന്നും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയല്‍വാസിയുടേതുമാണെന്നും മൊഴി നല്‍കിയത്.
തുടര്‍ന്ന് കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ മാതാവിനു ഒരു കൂസലുമായില്ലായിരുന്നുവെത്രെ ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവന്‍ മുന്‍പും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നുമായിരുന്നു മാതാവ് പോലിസിനോട് പറഞ്ഞത്. പിതാവ് വിദേശത്തായതിനാല്‍ മാതാവിനെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു.

3 വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് മാതാപിതാക്കള്‍ ഇത്തരത്തില്‍ അലംഭാവം കാട്ടുന്നത് നിരാശാജനകമാണെന്ന് എസ്‌ഐ രതീഷ് പറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.