കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ
വടകര : ചെക്കോട്ടി ബസാറിലെ കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ. വെറും പത്തുസെന്റ് സ്ഥലത്തുനിന്നാണ് പറയർകണ്ടി അശ്വന്ത് ഇത്രയും തണ്ണിമത്തൻ വിളയിച്ചെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള നിർവഹിച്ചു. കെട്ടിടനിർമാണത്തൊഴിലാളിയാണ് അശ്വന്ത്. കഴിഞ്ഞ വർഷം വെള്ളരിക്കൃഷിക്കൊപ്പം നാലുതടത്തിൽ തണ്ണിമത്തൻ കൃഷിചെയ്തിരുന്നു. നല്ല വിളവ് കിട്ടിയതോടെയാണ് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. റിട്ട. കൃഷി ഓഫീസർ കെ. രാജു വിത്ത് നൽകി. ചാണകവും ആട്ടിൻകാട്ടവും കോഴിവളവും എല്ലുപൊടിയുംപോലുള്ള ജൈവവളംമാത്രം നൽകി. കുന്നിൻമുകളിൽ ജലസേചനം പ്രശ്നമായപ്പോൾ ടാർപോളിൻഷീറ്റുകൊണ്ട് 3000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചു. താഴെനിന്ന് വാഹനത്തിൽ വെള്ളമെത്തിച്ചു. പ്രതിസന്ധികൾ ഏറെ നേരിട്ടെങ്കിലും ഒടുവിൽ വിജയമധുരം നുകരാനായതിന്റെ ആഹ്ലാദത്തിലാണ് അശ്വന്ത്. നാടിനും ഇത് പ്രചോദനംപകരുന്ന നേട്ടമായി. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് തണ്ണിമത്തൻ വിറ്റത്.