മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട ; ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട ; ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

May 24, 2021 0 By Editor

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന.

ബെംഗളൂരുവില്‍ നിന്നു സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവര്‍ ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു നല്‍കും. ഏജന്റ് സാധനം വാങ്ങിക്കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. ഓണ്‍ലൈനായാണ് പണമിടപാട്. ഇത്തരത്തില്‍ ശേഖരിച്ച എം.ഡി.എം.എ. വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ വെച്ച് കേസിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പിടികൂടിയത്.പ്രതികള്‍ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, വിനീഷ്, അഖില്‍രാജ് എന്നിവരും പരപ്പനങ്ങാടി, കല്‍പകഞ്ചേരി സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ ഹണി കെ. ദാസ്, റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.