രാത്രിയിൽ രക്ഷിതാക്കളുറങ്ങുമ്പോള് പുറത്തേക്ക് " പിന്നീട് മോഷണം" പണം ലഹരിക്ക്; കോഴിക്കോട്ടെ കുട്ടിക്കള്ളന്മാരുടെ മോഷണത്തില് ഞെട്ടി പോലീസ്
കോഴിക്കോട് : ഒന്നരവര്ഷമായി ജില്ലയുടെ വിവിധഭാഗങ്ങളില് മോഷണം നടത്തുന്ന കുട്ടികള് ഉള്പ്പെട്ട സംഘം പിടിയില്. പതിനെട്ടും പത്തൊന്പതും വയസുള്ള രണ്ടു യുവാക്കളേയും കരുവിശേരി സ്വദേശികളായ രണ്ടു പ്രായപൂര്ത്തിയാവാത്ത കുട്ടികളെയുമാണ് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂര് പോലീസും ചേര്ന്ന് പിടികൂടിയത്. ഇവര് വിവിധസ്ഥലങ്ങളില് നിന്നു മോഷ്ടിച്ച ബൈക്കുകളും മൊബൈല് ഫോണും കൂളിംഗ് ഗ്ളാസും വാച്ചും പോലീസ് കണ്ടെടുത്തു. സമീപകാലത്തായി കോഴിക്കോട് നഗരത്തില് നടന്ന ഭൂരിഭാഗം മോഷണകേസുകളിലും കുട്ടികളുടെ പങ്ക് ശ്രദ്ധയില്പ്പെട്ടിരുന്നു. തുടര്ന്ന് സിറ്റി പോലീസ് കമ്മീഷണര് എ.വി. ജോർജ് ഇവരെ പിടികൂടുന്നതിനായി സിറ്റിക്രൈം സ്ക്വാഡിന് നിര്ദ്ദേശം നല്കിയിരുന്നു.
കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരാണ് പിടിയിലായ പ്രായപൂർത്തിയായവർ. മറ്റ് രണ്ട് പേരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവർ മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. അര്ധരാത്രിയില് മൂന്നോ നാലോ പേര് പുറത്തിറങ്ങി എവിടെനിന്നെങ്കിലും വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് പതിവ്. പുലര്ച്ചെ ആവുമ്പോഴേക്കും രക്ഷിതാക്കള് അറിയാതെ ഇവര് വീട്ടിലെത്തും. ഇവര്ക്കൊപ്പം മോഷണത്തില് ഏര്പ്പെടുന്ന മറ്റുചിലരെ കുറിച്ചും വ്യക്തമായ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കൾ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളിൽ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ എൺപതിൽ അധികം മോഷണ കേസുകൾക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറയുന്നു.
നിര്ണായക വിവരങ്ങൾ പ്രതികളില് നിന്ന് ലഭിച്ചിട്ടുണ്ട്. ചേവായൂര്, മാവൂര് പോലീസ് സ്റ്റേഷന് പരിധിയില് നിന്നു മോഷ്ടിച്ച രണ്ട് ആക്ടീവ സ്കൂട്ടറും നടക്കാവ് സ്റ്റേഷന് പരിധിയില് നിന്നു മോഷ്ടിച്ച ഡിസ്കവര് ബൈക്കും കൊയിലാണ്ടിയില് നിന്നു മോഷ്ടിച്ച പള്സര് ബൈക്കും മലപ്പുറം തേഞ്ഞിപ്പലത്തു നിന്നു മോഷ്ടിച്ച ആക്സസ് സ്കൂട്ടറുമാണ് പോലീസ് കണ്ടെടുത്തത്. ഇതിനു പുറമേ നിരവധി മോഷണങ്ങള് നടത്തിയതായും പ്രതികള് സമ്മതിച്ചു. ഷോപ്പുകളുടെ പൂട്ടുകൾ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങൾ ഇവരുടെ കൈവശമുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
ബാലുശേരി ഭാഗത്തെ എട്ടോളം കടകള്, കാക്കൂര് പോലീസ് സ്റ്റേഷന് പരിധിയിലെ അമ്പലത്തുകുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ പത്തോളം കടകള്, കുന്നമംഗലം, ചാത്തമംഗലം, കാരന്തൂര് ഭാഗങ്ങളിലെ ഇരുപതോളം കടകള്, മാവൂര്, കുട്ടിക്കാട്ടൂര്, കായലം, പൂവാട്ടുപറമ്പു ഭാഗങ്ങളിലെ പത്തോളം കടകള്, പുതിയങ്ങാടി വെസ്റ്റ്ഹില് , കാരപ്പറമ്പു ഭാഗങ്ങളില് പതിമൂന്നോളം കടകള്, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ അഞ്ചോളം കടകള്, തൊണ്ടയാട്, പാലാഴി ഭാഗങ്ങളിലെ അഞ്ചോളം കടകള്, കക്കോടി, ചെറുകുളം, മക്കട ഭാഗങ്ങളിലെ ഏഴോളം കടകള് എന്നിവിടങ്ങളിലേതുള്പ്പെടെ എൺപതോഓളം മോഷണകേസുകളില് പ്രതികള്ക്കു പങ്കുണ്ടെന്ന് പോലീസിനു തെളിവു ലഭിച്ചു.
ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളില് നിന്നു പണം ലഭിക്കാതെ വരുമ്പോഴാണ് രക്ഷിതാക്കള് അറിയാതെ നൈറ്റ് ഔട്ട് നടത്തുന്നത്. മക്കള് എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തില് രക്ഷിതാക്കള് സദാ ജാഗ്രതപാലിക്കണമെന്നും പോലീസ് അറിയിച്ചു.
അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ , പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, എ.വി. സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ.പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.