പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ

പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ

June 26, 2021 0 By Editor

അബുദാബി: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ. എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കു പുറമെ, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡിആര്‍ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ജൂലൈ 21 രാത്രി 11.59 വരെ വിലക്ക് തുടരുക.

അതേസമയം, കാര്‍ഗോ വിമാനങ്ങള്‍ക്കും ബിസിനസ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്നും അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്ന സഹാചര്യത്തിലാണ് യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസ് വിമാനങ്ങള്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങള്‍ക്കാണ് യുഎഇയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.

ജൂണ്‍ 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ദുബായ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതയെ തുടര്‍ന്ന് സര്‍വീസ് ജൂലൈ ആറു വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ തീരുമാനത്തോടെ ഇതിനുള്ള സാധ്യതയും ഇല്ലാതായിരിക്കുയാണ്.