കരിപ്പൂരിലെത്തുന്ന പ്രവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ്; പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ " യുവതികൾ കർണാടക, ഗോവ എന്നിവിടങ്ങളിൽനിന്നുള്ളവർ
കോഴിക്കോട്: കരിപ്പൂരിലെത്തുന്ന പ്രവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയിൽ മറ്റൊരു കേസിൽ ജയിലിലാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളുമായി കരിപ്പൂര്‍ പോലീസ് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് തെളിവെടുപ്പ് നടത്തി.
കരിപ്പൂരിലെത്തുന്ന പ്രവാസികളെ യുവതികളെ ഉപയോഗിച്ച് സൗഹൃദവലയത്തിൽ കുരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെയാണ് ഇതിന് വേണ്ടി എത്തിച്ചിരിക്കുന്നത്. കരിപ്പൂരിൽ എത്തുന്നതോടെ സ്വകാര്യ കേന്ദ്രത്തിലേക്ക് പ്രവാസിയെ എത്തിക്കും. ഈ സമയത്ത് അവിടെയെത്തുന്ന സംഘത്തിലെ യുവാക്കള്‍ ഇവരെ ഒന്നിച്ച് നിര്‍ത്തി നഗ്നഫോട്ടോ എടുത്ത ശേഷമാണ് പണം ആവശ്യപ്പെടല്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂറോപ്പിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിക്ക് ഇത്തരത്തില്‍ ഒന്നരലക്ഷം രൂപയാണ് നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
സ്തീകൾക്കൊപ്പം നഗ്നരായി നിർത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിരവധി പ്രവാസികൾ ഇവരുടെ തട്ടിപ്പിന് ഇരയായായിട്ടുണ്ടെന്നാണ് പൊലീസിന് പറയുന്നത്. നാണക്കേട് ഭയന്നും വിദേശത്തേക്ക് തിരിച്ചുപോകേണ്ടതിനാലും ഇരകൾ പരാതി നൽകാതായതോടെ ഇവർ തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു.