കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല; കരട് നിയമം തയാർ

ലക്നൗ: രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാകില്ല. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ…

ലക്നൗ: രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാകില്ല. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021ന്റെ കരട് പുറത്തിറക്കി. ഇതിന്മേൽ ഈ മാസം 19 വരെ അഭിപ്രായങ്ങൾ അറിയിക്കാം. ബിൽ സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് കരട് പുറത്തുവന്നപ്പോൾ മുതൽ ഉയരുന്നത്.

രണ്ടു കുട്ടികളിൽ അധികമുണ്ടെങ്കിൽ സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളിൽനിന്നും ഒഴിവാക്കപ്പെടും. സംസ്ഥാന സർക്കാരിനു കീഴിലുള്ള ജോലികൾക്ക് അപേക്ഷിക്കാനാകില്ല. സ്ഥാനക്കയറ്റം തേടാനാകില്ല. റേഷൻ കാർഡ് വീട്ടിലെ നാലു പേരുടെ പേരിൽ മാത്രമായിരിക്കും. സർക്കാരിന്റെ പേരിലുള്ള ഒരു സബ്സിഡിക്കും യോഗ്യതയുണ്ടാകില്ല. ഗസറ്റിൽ വിജ്‍ഞാപനം ചെയ്ത് ഒരു വർഷത്തിനകം ബിൽ പ്രാബല്യത്തിൽ വരും. രണ്ടു കുട്ടികൾ നയം പിന്തുടരുന്നതിനായി സ്വയം വന്ധ്യംകരണത്തിനു വിധേയമാകുന്നവർക്ക് ഇൻസെന്റീവുകളും നൽകുമെന്ന് ബില്ലിൽ പറയുന്നു. വീട് വാങ്ങുന്നതിനോ പണിയുന്നതിനോ വായ്പ എടുക്കുന്നതിലും വെള്ളം, വൈദ്യുതി, വീട്ടുകരം തുടങ്ങിയവയിലും ഇങ്ങനെ ഇൻസെന്റീവുകൾ ലഭിക്കും.

ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തുന്നവർക്ക് സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ് ആകുന്നതുവരെ ഇൻഷുറൻസ് കവറേജും ഉണ്ടാകും. ഐഐഎം, എയിംസ് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒറ്റക്കുട്ടികൾക്ക് അഡ്മിഷന് മുൻഗണനയുണ്ടാകും. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം. പെണ്‍കുട്ടിയാണെങ്കിൽ ഉന്നതതലവിദ്യാഭ്യാസത്തിന് സ്കോളർഷിപ്, സർക്കാർ ജോലിയിൽ ഒറ്റക്കുട്ടികൾക്ക് മുൻഗണന തുടങ്ങിയവയും ബില്ലിൽ നിർദേശിക്കുന്നു. രണ്ടു കുട്ടി നയം പിന്തുടരുന്ന സർക്കാർ ജീവനക്കാർക്ക് തന്റെ സമ്പൂർണ സർവീസിൽ രണ്ട് അഡീഷനൽ ഇൻക്രിമന്റുകളും പൂർണ ശമ്പളവും അലവൻസുകളും സഹിതം 12 മാസത്തെ മാതൃ, പിതൃ അവധിയും അനുവദിക്കും. പങ്കാളിക്കും സൗജന്യ ചികിത്സാ സംവിധാനവും ഇൻഷുറൻസ് കവറേജും ഉണ്ടാകും. അതേസമയം, ഒറ്റക്കുട്ടി നയം പിന്തുടരുന്ന ജീവനക്കാർക്ക് 4 അഡീഷനൽ ഇൻക്രിമെന്റുകളാണ് ലഭിക്കുക.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഒറ്റക്കുട്ടി നയം പിന്തുടരുന്നതെങ്കിൽ സ്വയം വന്ധ്യംകരണം നടത്തിയാൽ അവര്‍ക്കുള്ളത്‌ ആൺകുട്ടിയാണെങ്കിൽ സർക്കാരിൽനിന്ന് 80,000 രൂപയും പെൺകുട്ടിയാണെങ്കിൽ ഒരു ലക്ഷം രൂപയും ഒറ്റത്തവണയായി ലഭിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story