ത്രിവർണ നിറത്തിലൊഴുകി കശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട്
ശ്രീനഗർ: ജമ്മുകശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട് ത്രിവർണ പതാകയുടെ നിറത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ജമ്മുകശ്മീരിലെ റംമ്പാൻ മേഖലയിൽ ചിനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഹ്ലിഹാർ അണക്കെട്ട്.
1992ലാണ് കശ്മീരിലെ ഊർജ്ജ വികസന കോർപ്പറേഷൻ ബാഗ്ലിഹാർ വൈദ്യുതി പ്ലാന്റ് വിഭാവനം ചെയ്യുന്നത്. 1996ൽ പദ്ധതി അംഗീകരിക്കുകയും 1999ൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായ പ്ലാന്റിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മോദി സർക്കാർ അധികാരമേറ്റ ശേഷമാണ്. 100 കോടി ഡോളർ ചെലവിലാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.അതിനിടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിൽ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. ശ്രീനഗറിലെ ലാൽ ചൗക്ക് ക്ലോക്ക് ടവർ, ബാഹു കോട്ട, ജമ്മു റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങൾ ത്രിവർണ്ണ നിറങ്ങളാൽ പ്രകാശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.