ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

August 19, 2021 0 By Editor

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്.

അതേസമയം സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ചിരിക്കണം. കുവൈത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ വാക്സിൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി.