ജനലക്ഷങ്ങളുടെ പ്രിയസഖാവ് ” സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ എ വിജയരാഘവൻ എഴുതുന്നു

ജനലക്ഷങ്ങളുടെ പ്രിയസഖാവ് ” സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ എ വിജയരാഘവൻ എഴുതുന്നു

August 19, 2021 0 By Editor

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതം. രാജ്യം സ്വതന്ത്രമായി ഒരു വർഷം കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വഴികാട്ടിയായിരുന്നു സഖാവ്. നാം ഇന്ന്‌ എത്തിനിൽക്കുന്ന പുരോഗതിയുടെ പാതയിലേക്ക് നയിച്ച ആശയങ്ങളുടെ ആദ്യവിത്തുകൾ പാകിയത് പി കൃഷ്ണപിള്ളയാണ്. സഖാവ് സ്വപ്നംകണ്ട, കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ പലവട്ടം അധികാരത്തിൽ വന്നു. ഇപ്പോഴിതാ ചരിത്രം തിരുത്തി എൽഡിഎഫ് സർക്കാർ തുടർഭരണത്തിലേറിയ സാഹചര്യത്തിലാണ് നാം പ്രിയ സഖാവിന്റെ സ്മരണ പുതുക്കുന്നത്. ഏത്‌ വെല്ലുവിളിയും പ്രതിസന്ധിയും നെഞ്ചുറപ്പോടെ നേരിട്ട് കർമപന്ഥാവിലൂടെ മുന്നേറാനുള്ള കരുത്തും ആവേശവുമാണ് അദ്ദേഹത്തിന്റെ ഓർമ നമ്മിൽ നിറയ്ക്കുന്നത്.

നാൽപ്പത്തിരണ്ടു വയസ്സുവരെമാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരു നാടിന്റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവസാക്ഷ്യത്തിന്റെ പേരാണ് പി കൃഷ്ണപിള്ള. കമ്യൂണിസ്റ്റുകാർ പരസ്പരം സംബോധന ചെയ്യുന്ന പദമായ ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. ഇന്നേക്ക് 73 വർഷംമുമ്പ് 1948ലെ ഇതേദിവസം ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് അദ്ദേഹം മരിച്ചത്. വൈക്കത്ത് 1906ലാണ് പി കൃഷ്‌ണപിള്ളയുടെ ജനനം. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16–-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

1930 മുതൽ 1948 വരെ കേരളത്തിലെ പൊതു പ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷ രാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താൻ പ്രവർത്തകരെ കണ്ടുപിടിക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കഴിവും കുറവും തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും ചുമതല നൽകുന്നതിലും അതീവ സാമർഥ്യമുണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്‌ജയിലിൽവച്ചാണ് ഇ എം എസും പി കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ തന്നെ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽവച്ചായിരുന്നെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്. സംഘടന കെട്ടിപ്പടുക്കുന്നതിലും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എതിരാളികളെ നേരിടുന്നതിലും കൃഷ്‌ണപിള്ള കാട്ടിയ മികവ് ഓർക്കേണ്ടതാണ്.

സംസ്ഥാനത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടി വന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും ദേശീയമായി പലവിധ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിനെ അഭിമുഖീകരിക്കാൻ പി കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നമുക്ക് പ്രചോദനമാണ്.

1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര– വയലാർ സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു. കേരളചരിത്രത്തിലെ വിപ്ലവ ഇതിഹാസാധ്യായമാണ് പുന്നപ്ര–വയലാർ സമരം. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പുന്നപ്ര– വയലാർ സമരശേഷം ബഹുജനനേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്” മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവ പാർടിയായി ഇനിയും കൂടുതൽ വളരും.

ജനലക്ഷങ്ങളുടെ പ്രിയസഖാവ് – എ വിജയരാഘവൻ എഴുതുന്നു (ലേഖനം  ദേശാഭിമാനിയിൽ പ്രസിദ്ധികരിച്ചതിൽ പ്രസക്തമായത് )