വടകര ഓഫീസ് തീപിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്ന ആന്ധ്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സതീഷാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്. താലൂക്ക് ഓഫീസ് പരിസരത്ത് ഇയാൾ നേരത്തേയും തീയിടാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നലെ താലൂക്ക് ഓഫീസിലെ തീപിടുത്തവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യും.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ രാവിയെയുണ്ടായ തീപിടുത്തത്തിൽ വടകര താലൂക്ക് ഓഫീസ് കെട്ടിടം പൂർണ്ണമായി കത്തി നശിച്ചു. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയലുകളും 45ഓളം കമ്പ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയും ചെയ്തിട്ടുണ്ട്. രാവിലെ അഞ്ചരയോടെയാണ് ഓഫീസിന് തീപിടിച്ചതായി കണ്ടെത്തിയത്. അതിനും മുൻപ് തന്നെ കെട്ടിടത്തിനുള്ളിൽ തീ പടർന്നിട്ടുണ്ടാകുമെന്നാണ് വിവരം. അഗ്നിരക്ഷാ സേനയുടെ 10ഓളം യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സംഭവത്തിൽ അട്ടിമറി സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. തീയണച്ചതിന് ശേഷം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഷോർട്ട് സർക്യൂട്ട് അല്ല അപകടകാരണമെന്ന നിഗമനത്തിലാണ് കെ.എസ്.ഇ.ബി അധികൃതർ എത്തിയത്. അതേസമയം തൊട്ടടുത്തുള്ള പഴയ ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ജയിൽ എന്നിവയിലേക്ക് തീ പടരാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി.