ബിന്ദു അമ്മിണി മര്‍ദിച്ചു; മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പരാതി നല്‍കും
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പൊലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പൊലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരുക്കേൽപിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി. മോഹൻദാസ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് വെള്ളയിൽ സ്വദേശിയായ മോഹൻദാസ് അറസ്റ്റിലായത്.
പൊലീസിനെതിരെ ബിന്ദു അമ്മിണി ( bindu-ammini ) വിമർശനമുന്നയിച്ചു. മൊഴിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്നും പൊലീസ് പ്രതിയുടെ വിവരങ്ങൾ മറച്ചു വച്ചുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതെ സമയം ബിന്ദു അമ്മിണി മോഹൻദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. ‘എന്റെ ഭർത്താവ് ഉച്ച ആയപ്പോൾ ഭക്ഷണം കഴിച്ച ശേഷം കാറ്റുകൊള്ളട്ടെ എന്ന് പറഞ്ഞ് അവിടെ കിടന്നു. ബിന്ദു കാറുമായി വന്നിറങ്ങി. പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അങ്ങോടും ഇങ്ങോടും പറഞ്ഞു. ബിന്ദു അമ്മിണിയാണ് മുണ്ട് പിടിച്ച് വലിച്ചത്. മൊബൈൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ചെരുപ്പ് കൊണ്ട് അടിച്ചു. ഇങ്ങനെ ചെയ്താൽ ആരെങ്കിലും നോക്കി നിൽക്കുമോ?’ ഭാര്യ റീജ ചോദിച്ചു.
പ്രചരിക്കുന്ന വീഡിയോയിൽ കട്ട് ചെയ്താണ് രംഗങ്ങൾ ഉള്ളതെന്ന് ആക്ഷേപം ഉയർന്നിരുന്നു, ബിന്ദു അമ്മിണി എന്തിനാണ് ഇയാളുടെ മൊബൈൽ വലിച്ചെറിഞ്ഞത് എന്നും ഇതിൽ പ്രകോപനത്തിനുള്ള എന്തെങ്കിലും ദൃശ്യങ്ങൾ ഉണ്ടോ എന്നും പരിശോധിക്കേണ്ട സംഗതിയാണ്. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് മനസ്സിലാക്കാനും ശാസ്ത്രീയാന്വേഷണം നടത്താനുമാണ് പോലീസ് ആലോചിക്കുന്നത്.