ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ നാളെ മുതല്‍. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് പോസിറ്റീവായ…

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ നാളെ മുതല്‍. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പരീക്ഷാ തിയ്യതി തല്‍ക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കോവിഡ് അവലോകനസമിതി തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നത്. അവലോകനയോഗത്തിനുശേഷമാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഒന്നു മുതൽ ഒമ്പതു വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കു വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടാകും. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. അധ്യാപകർ ഹാജർ നിർബന്ധമായും രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് നിർബന്ധമായും പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം. 10, 12 ക്ലാസ്സുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കു യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.

നവംബർ ഒന്നിന് ഓഫ്‌ലൈൻ ക്ലാസുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.

കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറി ഒരുക്കും. എഴുത്ത് പരീക്ഷക്ക് മുൻപാണ് പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തും. ഈ വർഷം പൊതുപരീക്ഷയ്ക്ക് 60 % ഫോക്കസ് ഏരിയയിൽ നിന്ന് 70 % ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105 % ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45 % ചോദ്യങ്ങൾ നൽകും. വിദ്യാർഥികളുടെ മികവിനനുസരിച്ച് മൂല്യ നിർണയം നടത്തുന്നതിനാണ് മാറ്റങ്ങൾ. ഇന്റേണൽ- പ്രാക്ടിക്കൽ മാർക്കുകൾ കൂടി വിദ്യാർഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിനു കൂട്ടിച്ചേർക്കും.

അധ്യാപകരും അനധ്യാപകരും സ്കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം. ഉപജില്ലാ - ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം. ജനുവരി 25 വരെ ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകി. ഹയർസെക്കൻഡറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സീൻ നൽകിയെന്നും മന്ത്രി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story