ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

February 23, 2022 0 By Editor

പൊലീസ് ഡാറ്റ ബെയിസിലെ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്.

ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അനസ് എസ്ഡിപിഐയ്ക്ക് ചോര്‍ത്തി നല്‍കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ബോധ്യപ്പെട്ടത്. നേരത്തെ അനസ് സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് പിരിച്ചുവിടുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് കൂടി നല്‍കിയിരുന്നു. ഇതിലെ മറുപടി തൃപ്തികരമല്ലെന്നത് കൂടി മുന്‍നിര്‍ത്തിയാണ് നടപടി.

ഡിസംബര്‍ 3ന് തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകള്‍ പൊലീസിന് ലഭിക്കുന്നത്.

ഇയാളുമായി അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചു നല്‍കാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തില്‍ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം