പ്രൊവിഡന്‍സ് കോളേജിലും അതിരുവിട്ട ആഘോഷം; കേസ്, ആഘോഷം അനുമതിയില്ലാതെ !

പ്രൊവിഡന്‍സ് കോളേജിലും അതിരുവിട്ട ആഘോഷം; കേസ്, ആഘോഷം അനുമതിയില്ലാതെ !

March 26, 2022 0 By Editor

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലും മുക്കം എംഇഎസ് കോളേജിനും പിന്നാലെ പ്രൊവിഡന്‍സ് കോളേജിലും വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ആഘോഷം. ബൈക്കുകളിലും കാറിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിദ്യാര്‍ഥികളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

നിയമങ്ങള്‍ ലംഘിച്ച് കാറുകളിലും ബൈക്കുകളിലും വിദ്യാര്‍ഥികള്‍ എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. വിദ്യാര്‍ത്ഥികളോടും, രക്ഷിതാക്കളോടും കോളേജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാവാനും കോഴിക്കോട് ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് ആഘോഷം നടന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്. അമിതവേഗത്തിലും അപകടകരമായ രീതിയില്‍ വാഹനമോടിച്ചവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസിനുള്ളില്‍ അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ സ്‌കൂള്‍ കോളേജ് അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്ന് കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടു.

പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആര്‍ടിഒ അറിയിച്ചു. കഴിഞ്ഞദിവസം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നിരുന്നു. സംഭവത്തില്‍ 20ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫിനിടെയാണ് അതിരുവിട്ട ആഘോഷം കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

മുക്കം എംഇഎസ് കോളേജില്‍ കോളേജ് ഡേ ആഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച ജെസിബി മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജെസിബി ഡ്രൈവറുടെ ലൈസന്‍സും താത്കാലികമായി റദ്ദാക്കി. ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.