48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു ; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു ; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

March 28, 2022 0 By Editor

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോടുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സംസ്ഥാനത്തെ ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

 

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ പറഞ്ഞു.

നാല് ദിവസമായി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുകയായിരുന്നു. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബസ് യാത്രാനിരക്കില്‍ ഒരു തീരുമാനം ഉണ്ടാകാതെ  സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.