ന്യൂഡൽഹി: 22 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയം. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. 22 യൂട്യൂബ് ചാനലുകൾക്ക് പുറമെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവയും ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു.

ഐടി നിയമം 2021 പ്രകാരം ആദ്യമായാണ് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തുന്നത്. 18 ഇന്ത്യൻ യൂട്യൂബ് വാർത്താ ചാനലുകളും പാകിസ്ഥാൻ ആസ്ഥാനമായുള്ള നാല് യൂട്യൂബ് വാർത്താ ചാനലുകൾക്കുമാണ് നിരോധനം. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ യൂട്യൂബ് ചാനലുകൾ ടിവി വാർത്താ ചാനലുകളുടെ ലോഗോകളും തെറ്റായ ലഘുചിത്രങ്ങളും ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി നിയമങ്ങൾ വിജ്ഞാപനം ചെയ്തതിന് ശേഷം ഇന്ത്യ അധിഷ്‌ഠിതമായ യൂട്യൂബ് അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കുന്നത് ഇതാദ്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ ഒന്നിലധികം യൂട്യൂബ് ചാനലുകൾ അപ്ലോഡ് ചെയ്തിരുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ഇന്ത്യ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾ യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതും മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതുമായ തെറ്റായ ഉള്ളടക്കം അപ്ലോഡ് ചെയ്തെന്നും സർക്കാർ വ്യക്തമാക്കുന്നു.

വാർത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ബ്ലോക്ക് ചെയ്ത ചാനലുകൾ ചില ടിവി ന്യൂസ് പ്ലാറ്റ്‌ഫോമുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും അവയുടെ അവതാരകരുടെ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. ചില സന്ദർഭങ്ങളിൽ, വ്യവസ്ഥാപിതമായ ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പാകിസ്ഥാനിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടു ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.