കോഴിക്കോട്: പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ബീഹാർ സ്വദേശി സുഭാഷാണ് മരിച്ചത്. അപകടത്തിൽപെട്ട നാല് പേർ രക്ഷപ്പെട്ടു.

രാവിലെയാണ് അപകടം ഉണ്ടായത്. മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വർധിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. മണ്ണിടിഞ്ഞ സമയത്ത് അഞ്ച് പേർ കിണറ്റിൽ ഉണ്ടായിരുന്നു. ഇതിൽ നാലുപേർ കയറിൽ തൂങ്ങി രക്ഷപ്പെട്ടു. സുഭാഷ് മണ്ണിനടിയിൽപെട്ടതറിഞ്ഞ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി. പോലീസും, ഫയർഫോഴ്സും സംയുക്തമായി മൂന്ന് മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് സുഭാഷിനെ പുറത്തെടുത്തത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.