വിദ്വേഷ മുദ്രാവാക്യം: കുട്ടിക്ക് പരിശീലനം ലഭിച്ചതായി സംശയം: കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. ആരുടെയെങ്കിലും പ്രത്യേക നിർദേശമോ ആസൂത്രണമോ ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളിലേക്ക് പൊലീസ് അന്വേഷണം എത്തുന്നു എന്നതിന്റെ സൂചനയാണ് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റ്.

വിദ്വേഷമുദ്രാവാക്യവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം റിമാൻഡിലായവരിൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

അതിനിടെ, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗവുമായ യഹിയ തങ്ങളെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 28ന് രാത്രി തൃശൂർ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വീട്ടിൽ യഹിയ തങ്ങളെ തേടി പൊലീസ് എത്തിയെങ്കിലും പാതിരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു സ്ഥലത്തെത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഇതോടെ വാക്കു തർക്കമുണ്ടാവുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. രാവിലെ കുന്നംകുളം സ്റ്റേഷനിൽ ഹാജരാകാം എന്ന് നേതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്നു പൊലീസ് മടങ്ങി.

രാവിലെ എട്ടോടെ സ്റ്റേഷനിൽ എത്തിയ യഹിയയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ മുജീബിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story